
ബിഗ് ബോസിൻ്റെ വീക്കിലി ടാസ്കിൽ ഒനീലിൻ്റെയും നൂറയുടെയും ടീമിന് ജയം. മൂന്നാം ദിവസം ക്യാപ്റ്റന്മാർ ആണ് ടാസ്ക് ചെയ്യേണ്ടിയിരുന്നത്. ഈ ടാസ്കിൽ നൂറയ്ക്കും ഒനീലിനും ആദ്യ സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞു. നെവിൻ, മസ്താനി എന്നിവരാണ് ടാസ്കിൽ മത്സരിച്ച മറ്റുള്ളവർ. ഈ ടാസ്കിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടങ്ങളാണ്.
സൂപ്പർ ഇമ്മ്യൂണിറ്റി പവർ, സൂപ്പർ നോമിനേഷൻ പവർ, സൂപ്പർ ഫാമിലി പവർ എന്നീ നേട്ടങ്ങളാണ് ടാസ്കിലെ വിജയികൾക്ക് ലഭിക്കുക. മൂന്നാഴ്ചകളിൽ നോമിനേഷനിൽ നിന്ന് രക്ഷപ്പെടുക, മൂന്നാഴ്ചകളിൽ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യുക, ഒരാഴ്ച കുടുംബാംഗങ്ങളോടൊത്ത് ബിബി ഹൗസിൽ താമസിക്കുക എന്നതാണ് വിജയികളെ കാത്തിരിക്കുന്ന നേട്ടങ്ങൾ.
നെവിൻ നായകനായി ലക്ഷ്മി, ജിഷിൻ എന്നിവർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ്. രേണു ക്യാപ്റ്റനായി അക്ബർ- ഷാനവാസ് ഗ്രൂപ്പ്, ജിസേൽ ക്യാപ്റ്റനായി അനുമോൾ- ശൈത്യ ഗ്രൂപ്പ്, മസ്താനി ക്യാപ്റ്റനായി റെന ഫാത്തിമ- ആര്യൻ ഗ്രൂപ്പ്, അനീഷ് ക്യാപ്റ്റനായി ശരത്- സാബുമാൻ ഗ്രൂപ്പ്, നൂറ ക്യാപ്റ്റനായി ബിന്നി- അഭിലാഷ് ഗ്രൂപ്പ്, ഒനീൽ ക്യാപ്റ്റനായി ആദില- പ്രവീൺ ഗ്രൂപ്പ് എന്നിങ്ങനെയായിരുന്നു ടീം ഡിവിഷൻ. ഇതിൽ രേണു, ജിസേൽ, അനീഷ് എന്നിവർ തൊപ്പി ടാസ്കിൽ പുറത്തായി.
നാല് പന്തുകൾ ഒരു തട്ടിൽ ബാലൻസ് ചെയ്ത് പാത്രത്തിൽ ഇടുക എന്നതായിരുന്നു കഴിഞ്ഞ ടാസ്ക്. ഇതിൽ മസ്താനി നാല് തവണയും നെവിൻ രണ്ട് തവണയും ശ്രമിച്ച് വിജയിച്ചപ്പോൾ ഒനീലും നൂറയും ആദ്യ ശ്രമത്തിൽ തന്നെ ടാസ്ക് പൂർത്തിയാക്കി. ഇതോടെ ഈ രണ്ട് ഗ്രൂപ്പുകൾ വിജയിക്കുകയായിരുന്നു. ഇതിൽ നിന്ന് പ്രത്യേക കാർഡുകൾ ആർക്കൊക്കെ ലഭിക്കുമെന്നതാണ് അടുത്ത ടാസ്ക്.