

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദ്ദേശം നൽകി. വിവാഹ ദിവസം ഉണ്ടായ അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്ന് ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.
ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചത് പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.
ആവണിയുടെ സ്പൈന്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ 12 മണിയോടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാനഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്ന് ഡോ. സുദീഷ് കരുണാകരന്‍ വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്‌തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. സര്‍ജറിക്ക് ശേഷം ആവണി ന്യൂറോ സയന്‍സസ് ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്ന് മണിക്ക് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്‌ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നത്.