
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരന്‍ അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ ഡി.
കളളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) കേസിലെ പ്രതിയാണ്.അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.ഇയാള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് വിചാരണ നടത്തുകയാണെന്നും ഇഡി വ്യക്തമാക്കി.
ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ പുതിയ വിശദീകരണം.
കൊട്ടാരക്കര ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അനീഷിനെതിരെ കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് കേസ്. 2024-ലാണ് അനീഷിന്റെ പണമിടപാട് സംബന്ധിച്ച് ഇഡി കേസെടുത്തത്. ഇയാളുടെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണെന്നും ഇ ഡി പറഞ്ഞു.
അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നുവെന്നും, അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്. ഹാജരായ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി.
കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തളളിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17-ന് അനീഷ് ബാബുവിൻ്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടാന്‍ പോലും തയ്യാറായില്ല.ഇതിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അനീഷ് പ്രവര്‍ത്തിച്ച് തുടങ്ങിയത് എന്നാണ് ഇഡിയുടെ വാദം.