തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള വോട്ടർ പട്ടിക പരിഷ്‌കരണം തടയുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് "ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്" എന്നും അദ്ദേഹം ആരോപിച്ചു. എത്രത്തോളം നിയമയുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.(We will go as far as we can in the legal battle, MV Govindan against SIR)
എസ്ഐആർ നടപടിക്കെതിരെ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നിലവിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ (ഡിസംബർ 9, 11 തീയതികളിൽ) വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനായി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എസ്ഐആർ ഡിസംബർ 4-ന് പൂർത്തിയാക്കേണ്ടതുണ്ട്. രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, 55% ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിൻ്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രം നിലപാടെടുത്തത്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും, 80 ശതമാനം പൂർത്തിയായി എന്ന് കമ്മീഷൻ പറയുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമപരമായി പോരാടുമെന്ന ശക്തമായ മുന്നറിയിപ്പാണ് സി.പി.എം നൽകിയിരിക്കുന്നത്