കൊച്ചി: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വർ. 16 ദിവസം ജയിലിൽ കഴിഞ്ഞതോടെ 'മെൻസ് കമ്മീഷൻ' (Men's Commission) വേണം എന്ന ആവശ്യം കൂടുതൽ ശക്തമായെന്ന് അദ്ദേഹം കുറിച്ചു. കൂടുതൽ ശക്തമായി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.
16 ദിവസം ജയിലിൽ കിടന്നപ്പോൾ മെൻസ് കമ്മീഷൻ വേണം എന്ന ബോധ്യം കൂടി, 2018-ൽ ശബരിമല വിഷയത്തിൽ നിരാഹാരം കിടന്നപ്പോൾ മറുഭാഗത്തുണ്ടായിരുന്ന അതേ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടതി വിധി ലംഘിക്കാതെയും മാനിച്ചുകൊണ്ടും ഉള്ള സത്യങ്ങൾ നാളെ വെളിപ്പെടുത്തുമെന്നും, അതിനായി അഭിഭാഷകൻ്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും രാഹുൽ പോസ്റ്റിൽ പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ 'അവർ' തോറ്റു, നമ്മൾ ജയിച്ചു എന്ന് പറഞ്ഞ രാഹുൽ ഈശ്വർ, മെൻസ് കമ്മീഷൻ വിഷയത്തിലും നമ്മൾ ജയിക്കും എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചത്:
16 ദിവസം ജയിൽ, Men’s Commission വേണം എന്ന ബോധ്യം കൂടി … കൂടുതൽ ശക്തമായി പോരാടും… 2018 ൽ ജയിലിൽ ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോൾ മറുഭാഗത്ത് ഉണ്ടായിരുന്ന അതെ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കാതെ, കോടതി വിധി മാനിച്ചു കൊണ്ട് ഉള്ള സത്യങ്ങൾ നാളെ പറയും.. (അഭിഭാഷകന്റെ അനുമതിക്ക് വെയിറ്റ് ചെയുന്നു) ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ “അവർ” തോറ്റു, നമ്മൾ ജയിച്ചു.. Mens കമ്മീഷന് വിഷയത്തിലും നമ്മൾ ജയിക്കും. ജയ് ഗാന്ധി, ജയ് ഹിന്ദ് #RahulEaswar #menscommission
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. 16 ദിവസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. പലതും പറയാനുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ പലതും പറയാൻ പറ്റില്ലെന്നും ജയിലിൽ നിന്ന് ഇറങ്ങിയ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.