
നടൻ ബാലയുടെ മുന്‍പങ്കാളി എലിസബത്തുമായുള്ള തര്‍ക്കം സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷമായി തുടരവേ സംഭവത്തിൽ പ്രതികരണവുമായി മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. എന്തുകൊണ്ട് എലിസബത്തിന് പിന്തുണയുമായി സഹോദരിയും താനും രംഗത്തെത്തുന്നില്ല എന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിരാമി.
കഴിഞ്ഞദിവസം തങ്ങളുടെ 'അമൃതം ഗമയ' എന്ന യൂട്യൂബ് ചാനലില്‍ അമൃതയും അഭിരാമിയും കുടുംബത്തിനൊപ്പമുള്ള ഒരു ട്രാവല്‍ വ്‌ലോഗ് പങ്കുവെച്ചിരുന്നു. അമൃതയും അഭിരാമിയും അമൃതയുടെ മകള്‍ പാപ്പുവും ഇരുവരുടേയും അമ്മയും ചേര്‍ന്ന് നടത്തിയ യാത്രയുടെ വീഡിയോ ആണ് പങ്കുവെച്ചത്. ഇതിന് താഴെ എലിസബത്തിന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ട് വന്ന കമന്റിന് മറുപടിയായാണ് അഭിരാമി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അത് ഇല്ലാതായെന്നാണ് അഭിരാമി ആരോപിക്കുന്നത്.
അഭിരാമിയുടെ മറുപടി:
പ്രിയപ്പെട്ട സഹോദരീ,
നിങ്ങളുടെ കമന്റിലെ ആത്മാര്‍ഥതയും കരുതലും ഞങ്ങള്‍ മാനിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എലിസബത്തിനെ വീണ്ടും ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളുള്ള ചില വ്യക്തികളുടെ ഇടപെടല്‍മൂലം ശ്രമം വിഫലമായി. അവര്‍ സാഹചര്യത്തെ വളച്ചൊടിച്ച് ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകലമുണ്ടാക്കി. അതിനുശേഷം ഞങ്ങളോട് ബന്ധപ്പെടേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
പിന്തുണ അറിയിച്ച് അവരെ ബന്ധപ്പെടാന്‍ ഞങ്ങള്‍ രണ്ടുപേരും പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്കൊപ്പം നില്‍ക്കുന്ന കരുത്തരായ ആളുകള്‍ക്കൊപ്പം അവര്‍ ഒറ്റയ്ക്ക് പോരാടാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍, ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായും സന്തുഷ്ടരാണ്. അയാള്‍ക്കൊപ്പം വെറും രണ്ടുവര്‍ഷം ജീവിച്ച അവര്‍ക്ക് ഇത്രയേറെ ട്രോമയുണ്ടായെങ്കില്‍, 14 വര്‍ഷം ഞങ്ങളുടെ കുടുംബം കടന്നുപോയ വേദനകളെക്കുറിച്ച് ആലോചിച്ചു നോക്കൂ.
അയാള്‍ ഒരിക്കലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല. അയാളുടെ കുഞ്ഞിനെ പേറുകയും എല്ലാവേദനയും സഹിച്ച്, അയാളുടെ ഒരുരൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളര്‍ത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നല്‍കുകയും ചെയ്തു. വാസ്തവത്തില്‍, ഒരുതരത്തിലും ഉപകാരപ്പെടരുതെന്ന് ഉറപ്പാക്കാന്‍ അയാള്‍ അയാളുടെ വഴിനോക്കി. ഒരു അച്ഛനെന്ന നിലയില്‍ അയാള്‍ തന്റെ മകളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല. അതുതന്നെ അയാള്‍ എത്തരക്കാരനാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ട്.
ഞങ്ങൾക്കുണ്ടായപോലെ, എലിസബത്തിനെ സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. ആരും അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ, അവരുടെ സത്യസന്ധതയെ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. അത്തരത്തില്‍ എല്ലാ ക്രൂരതയില്‍നിന്നും അവരെ ഒഴിച്ചുനിര്‍ത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്കൊപ്പം ഈ പോരാട്ടത്തില്‍ അവര്‍ തനിച്ച് നിലകൊള്ളാന്‍ തീരുമാനിച്ചു. അമൃതയും എലിസബത്തും ഒരുമിച്ചുവന്നിരുന്നെങ്കില്‍ ഈ പോരാട്ടം കുറച്ചുകൂടെ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇടപെട്ടു, ഞങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയില്‍ വിഷംനിറച്ചു, അങ്ങനെ ആ സാധ്യതയും ഇല്ലാതാക്കി.
അതിന്റെ ഫലമായി, ദീര്‍ഘകാലമായി ഞങ്ങള്‍ക്കിടയില്‍ ഒരുബന്ധമില്ല. എന്നാല്‍, അവര്‍ക്ക് എപ്പോഴെങ്കിലും ഞങ്ങളെ ആവശ്യമാണെങ്കില്‍, ഞങ്ങള്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടാവും. ഞങ്ങള്‍ വര്‍ഷങ്ങളോളം അനുഭവിച്ചു, ഇപ്പോഴും ആ മനുഷ്യന്‍ ഇക്കാര്യങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴയ്ക്കുകയാണ്. ഞങ്ങള്‍ റിക്കവറിയുടെ പാതയിലാണ്, രണ്ട് വര്‍ഷത്തേയും പതിനാല് വര്‍ഷത്തേയും വേദനകള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്കറിയാം. അതിനാല്‍, ദയവുചെയ്ത് ഞങ്ങളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക. എലിസബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുക.