തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(We should get the money we deserve, MV Govindan on PM SHRI scheme)
"8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണം," എം.വി. ഗോവിന്ദൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും, ഇത് പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് എതിരാണ്," അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐക്കുള്ള ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. "സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സർക്കാർ ചെയ്യുന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.