തിരുവനന്തപുരം : കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ നിർണായക പ്രാധാന്യം എസ്എൻഡിപിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമൂഹത്തിൽ വർഗീയത പടർത്തി ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടാവുന്നുണ്ട്. ശ്രീനാരായ ഗുരുവിനെ സ്വന്തമാക്കാൻ ചില ശ്രമിക്കുന്നു. ശ്രീനാരായണീയം കൺവെൻഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ തൂത്തെറിയാൻ കഴിഞ്ഞത് നവോത്ഥാന ആശയങ്ങൾ ശക്തമായി പ്രചരിപ്പിച്ചതിന്റെ ഭാഗമായാണ്.മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. പക്ഷേ, ഇവിടെയും പിന്തിരപ്പൻ ആശയങ്ങൾ വേരരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഗൗരവമായി കാണണം.വർഗീയത ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരാണ്. വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യമനസുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നുവരെ തിരിച്ചറിയാനാകണം.
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെപ്പോലും സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. എന്നും വർഗീയതയെ എതിർത്ത ഗുരുശ്രേഷ്ഠനാണ് ശ്രീനാരായണ ഗുരു. ഗുരുവിന്റെ വാക്കും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതല്ല. സനാതന ധർമ പ്രചാരകർക്ക് എതിർദിശയിലാണ് ഗുരു എപ്പോഴും നിലകൊണ്ടത്.