തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇടതുപക്ഷം ആർ.എസ്.എസ്. അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും, ഇത് എൽ.ഡി.എഫിൻ്റെയോ ആരുടേയുമോ വിജയമോ പരാജയമോ അല്ലെന്നും ശിവൻകുട്ടി പറഞ്ഞു.(We are not stupid, Minister V Sivankutty against CPI)
"ആർ.എസ്.എസിനെതിരായ സമരത്തിൽ കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്നും പിന്നോട്ട് പോയത് ആരെന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നില്ല," എന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സി.പി.എം. പഠിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി തുറന്നടിച്ചു.
"എസ്.എസ്.കെ.യുടെ ഭാഗമായുള്ള 1152.77 കോടി കിട്ടുമോ എന്ന ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കിൽ വിദ്യാഭ്യാസമന്ത്രിയായ എനിക്ക് ബാധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുക്കണം." ആർ.എസ്.എസിനെ എതിർക്കാൻ നമ്മളെയേ ഉള്ളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്." ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വ്യക്തമാണ്. നമ്മളൊന്നും മണ്ടൻമാരല്ല. താൻ വസ്തുത പറയുകയാണ്. തിരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി കത്തയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സി.പി.ഐക്ക് ആശങ്കയുണ്ടായിരുന്നില്ല, മാധ്യമങ്ങൾക്കായിരുന്നു ആശങ്ക. പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിൻമാറിയിട്ടില്ലെന്നും താൽക്കാലികമായി മരവിപ്പിച്ചേയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. സമിതിയെ പുച്ഛിക്കേണ്ട കാര്യമില്ല. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിർദ്ദേശങ്ങൾ രേഖപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.