തിരുവനന്തപുരം: നഗരസഭയിലെ ഇ-ബസ് സർവീസുകളെച്ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പി മേയർ വി.വി. രാജേഷിന് മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. "പുത്തനച്ചി പുരപ്പുറം തൂക്കും" എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇ-ബസ്സുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും പുറത്തേക്ക് പോയ ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(We also have demands to raise when the Prime Minister comes, Minister V Sivankutty on the e-bus dispute)
തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷം ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ല. പ്രധാനമന്ത്രി വരുമ്പോൾ തങ്ങൾക്കും ആവശ്യമുന്നയിക്കാൻ ഉണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി. നഗരസഭാ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പരിശോധിക്കുന്നത് നല്ലതാണ്, എന്നാൽ സർക്കാരിന്റെയും കോർപ്പറേഷന്റെയും അധികാരപരിധി തിരിച്ചറിയണം. തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മേയർ പ്രധാനമന്ത്രിക്ക് കത്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.എഫിന് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ വികാരമുണ്ടെന്ന വാർത്തകൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണ്. കോൺഗ്രസ് ആർ.എസ്.എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുന്നു. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ വോട്ട് കച്ചവടം നടക്കുന്നു. ബി.ജെ.പി - കോൺഗ്രസ് പാലം കെ. മുരളീധരന്റെ വീട്ടിൽ നിന്നാണെന്നും മന്ത്രി ആരോപിച്ചു.
1 മുതൽ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം അവസാന ഘട്ടത്തിലാണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി എന്നീ മൂന്ന് പുസ്തകങ്ങൾ കേരളം സ്വന്തമായി തയ്യാറാക്കും. സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണം. അവധിക്കാലം കഴിയും മുൻപ് പഠനം നടത്തരുതെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പി.എം ശ്രീ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഉടൻ സമിതി ചേരേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച് ഇടതുമുന്നണിയിൽ വിമർശനം ഉണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.