
തൃശൂർ: 'നമ്മുടെ നാടിന്റെ തനതായ ഉൽപന്നങ്ങളിൽ അന്യദേശത്തുള്ളവർ അത്ഭുതം പ്രകടിപ്പിക്കുന്നതും വിലയൊട്ടും പേശാതെ വലിയ ഓർഡറുകൾ നൽകുന്നതും കാണുമ്പോൾ ഒരുപാട് സന്തോഷം. വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു നാടിന്റെ പ്രകൃതിദത്തമായ തനതു ഉൽപന്നങ്ങൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' വയനാടിന്റെ സ്വന്തം മുള ഉൽപന്നങ്ങൾക്ക് ദേശാന്തരങ്ങൾ കടന്നുള്ള പ്രീതി ലഭിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോൾ, ലുലു കൺവെൻഷൻ സെന്ററിൽ നടന്ന വനിതാ സംരംഭക കോൺക്ലേവിൽ ബാംബു ക്രാഫ്റ്റ് എക്സിബിഷൻ ഒരുക്കിയവർക്ക് നൂറുനാവാണ്. വയനാട് ജില്ലയിലെ മേപ്പാടി സ്വദേശികളായ സ്മിത, ഷൈലജ, പിണങ്ങോട് സ്വദേശി ഷീജ, ചൂരൽമലയിലെ സബിത, പനമരം സ്വദേശി ഷീന എന്നിവരാണ് വൈവിധ്യമാർന്ന മുള ഉൽപന്നങ്ങളുടെ എക്സിബിഷൻ അവതരിപ്പിച്ചത്. മുള കൊണ്ടുള്ള വീട്ടുപകരണങ്ങൾ, മുളയിൽ തീർത്ത ശില്പങ്ങൾ, ആഭരണങ്ങൾ, പേനകൾ, പെയിന്റിങ്ങുകൾ, സ്പീക്കറുകൾ എന്നിവയാണ് ഇവർ നിർമിക്കുന്നത്. പ്രളയവും കോവിഡ് മഹാമാരിയും പ്രതിസന്ധി തീർത്ത ഇവരുടെ യൂണിറ്റുകളെ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ ജില്ലാ മിഷൻ, ബാംബു മിഷൻ, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളുടെ പിന്തുണ ഒരുപാട് സഹായിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബാംബു ഫെസ്റ്റിലും സരസ്സ് മേളകളിലും പങ്കെടുക്കാൻ ഈ വനിതകളെ സഹായിച്ചതും വകുപ്പുകളുടെ കൃത്യമായ ഏകോപനം മൂലമാണ്.
സരസ്സ് മേളകളിൽ പങ്കെടുക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വലിയ തോതിലുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഗുണമേന്മ കൂടിയ മുള ഉൽപന്നങ്ങൾ ദീർഘകാലം ഈടു നിൽക്കുമെന്നതും ഇവരുടെ സംരംഭത്തെ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ്. കുടുംബശ്രീയിൽനിന്നും യൂണിറ്റുകൾ എടുത്ത വായ്പയെല്ലാം കൃത്യമായി തിരിച്ചടയ്ക്കാനും സ്വന്തമായൊരു സംരംഭത്തെ നാടാകെ നടന്ന് പരിചയപ്പെടുത്താനും കഴിഞ്ഞതിന്റെ ആത്മാഭിമാനമാണ് ഇവരുടെ മുഖങ്ങളിൽ. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി സർക്കാർ നടത്തിയ ഏകദിന കോൺക്ലേവിൽ പങ്കെടുത്ത നിരവധി ആളുകളാണ് വയനാടിന്റെ ബാംബു ക്രാഫ്റ്റ് എക്സിബിഷൻ സന്ദർശിച്ചത്.