

കൽപറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനെ തുടർന്ന് വയനാട് ജില്ലയിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ നാളെ (ചൊവ്വാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭയപ്പാടിലാണ്. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.
അവധി പ്രഖ്യാപിച്ച വാർഡുകൾ
പനമരം ഗ്രാമപഞ്ചായത്ത്: 6, 7, 8, 14, 15 വാർഡുകൾ.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്: 5, 6, 7, 19, 20 വാർഡുകൾ.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ പച്ചിലക്കാട് പടിക്കം വയലിലാണ് നാട്ടുകാർ കടുവയെ കണ്ടത്. ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. കടുവയുടെ കാൽപ്പാടുകൾ വനംവകുപ്പ് സ്ഥിരീകരിച്ചു. സ്വകാര്യതോട്ടത്തിലെ ഇലക്ട്രിക് ടവറിന് കീഴിൽ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
മാനന്തവാടി, കൽപറ്റ ആർ.ആർ.ടി. (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണും മറ്റും ഉപയോഗിച്ചുള്ള പരിശോധന തുടരുന്നു. പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ പിടികൂടുന്നതിനായി ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പച്ചിലക്കാട് നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. ഈ പ്രദേശങ്ങളിൽ വയൽ പ്രദേശങ്ങൾ കൂടുതലായതിനാൽ, വനപ്രദേശമായ നടവയൽ-നെയ്ക്കുപ്പയിൽ നിന്ന് കടുവക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. പ്രദേശത്തെ കടകമ്പോളങ്ങൾ തുറന്നിട്ടുണ്ടെങ്കിലും ആളുകൾ ജാഗ്രത പുലർത്തുന്നുണ്ട്.