tiger attack

വയനാട്ടിൽ കടുവയുടെ ആക്രമണം: വയോധികന് ദാരുണാന്ത്യം; മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തി | Wayanad Tiger Attack

Published on

കൽപ്പറ്റ: വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ വീണ്ടും കടുവ ഭീതി വിതയ്ക്കുന്നു. ദേവർഗദ കാട്ടുനായ്ക്ക കോളനിയിലെ കൂമൻ എന്ന് വിളിക്കുന്ന മാരനാണ് ഇന്ന് ഉച്ചയോടെ കടുവയുടെ ആക്രമണത്തിനിരയായത്. സഹോദരിക്കൊപ്പം വിറക് ശേഖരിക്കാനായി വനത്തിൽ പോയതായിരുന്നു മാരൻ. പെട്ടെന്ന് പാഞ്ഞെത്തിയ കടുവ മാരനെ ആക്രമിക്കുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. മാരന്റെ സഹോദരി ഓടി രക്ഷപ്പെട്ടതിനാലാണ് വിവരം പുറത്തറിഞ്ഞത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനൊടുവിൽ ഉൾവനത്തിൽ നിന്നാണ് മാരന്റെ മൃതദേഹം കണ്ടെടുത്തത്.സംഭവസ്ഥലത്ത് നാട്ടുകാർ വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിക്കുന്നില്ല.

പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണെന്നും കഴിഞ്ഞ ദിവസം ഒരു പോത്തിനെ കടുവ കൊന്നിട്ടും വനംവകുപ്പ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.പ്രതിഷേധം തണുപ്പിക്കാനായി പോലീസും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ചകൾ നടത്തിവരികയാണ്.

ജനവാസ മേഖലയിൽ കടുവ ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിൽ വീണ്ടുമൊരു ജീവൻ കൂടി നഷ്ടപ്പെട്ടത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

Times Kerala
timeskerala.com