വയനാട്: റിസോർട്ടിൽ അതിക്രമിച്ചു കയറി ജീവനക്കാരനെയും സുഹൃത്തിനെയും കമ്പിവടി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിലായി. തോമാട്ടുചാൽ കോട്ടൂർ സ്വദേശി ജിതിൻ ജോസഫ് (35) ആണ് പിടിയിലായത്. ബത്തേരിക്കടുത്തുള്ള മന്ദംകൊല്ലി ബിവറേജിന് സമീപത്തുനിന്നാണ് ഇയാളെ കഴിഞ്ഞ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.(Wayanad resort attack case, Accused arrested)
അറസ്റ്റിലായ ജിതിൻ ജോസഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2023-ൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുത്തിരുന്നു. ബത്തേരി, അമ്പലവയൽ, കൽപറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കർണാടകയിലെ ഹൊസൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
കൊലപാതകം, പോക്സോ, അടിപിടി, ലഹരി, ദേഹോപദ്രവം ഏൽപ്പിക്കൽ, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജിതിൻ ജോസഫ് എന്നും പോലീസ് കൂട്ടിച്ചേർത്തു.