ഡൽഹി : മുണ്ടകൈ-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് പുനർനിർമാണ സഹായധനം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്.
പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ആസാം ദുരിതാശ്വാസ പദ്ധതിക്കായി 1270.788 കോടി രൂപ നൽകുമെന്നും കേന്ദ്രം അറിയിച്ചു. ആകെ ഒൻപത് സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.
അതേ സമയം, ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്.അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി.പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോ മീറ്ററിൽ 8600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്.
അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ പരുക്കേറ്റവർ 35 പേരാണ്.