മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നതായും ഇത് നൽകാൻ പെൺകുട്ടി വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്നുമാണ് പ്രാഥമിക സൂചന. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജു ജോസ് പെൺകുട്ടിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്.
ആസിഡ് ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കുകൾ അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതിയെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പോലീസ് അറിയിച്ചു.