

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ 14 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസിയുടെ അതിക്രൂരമായ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർത്ഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമാണ് (SPC) മഹാലക്ഷ്മി. എസ്.പി.സി യൂണിഫോം പ്രതി രാജു ജോസ് കുട്ടിയോട് ചോദിച്ചിരുന്നതായും അത് നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിന് പുറമെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന.ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രാത്രിയോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
പ്രതി രാജു ജോസിന് മാനസിക പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എങ്കിലും, യൂണിഫോം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണോ അതോ മറ്റ് എന്തെങ്കിലും പ്രകോപനങ്ങൾ കൊലപാതക ശ്രമത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.