
തിരുവനന്തപുരം: ദുരന്തമുണ്ടായ വയനാടിനോട് കേന്ദ്ര സർക്കാർ അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് എൽഡിഎഫ് പ്രക്ഷോഭം നടത്തും. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നതോടൊപ്പം രാജ്ഭവനിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. (LDF march)
മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തും. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ജനങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് ഇടതുമുന്നണി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.