തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന വയനാടിന് പുതുവർഷത്തിലെ വലിയ ആശ്വാസവാർത്തയാണിത്. 'ബിൽഡ് ബാക്ക് ബെറ്റർ' എന്ന തത്വത്തിലൂന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത്.
35 ക്ലസ്റ്ററുകളിലായി ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 207 വീടുകളുടെ വാർപ്പ് ഇതിനകം പൂർത്തിയായി.
അടിസ്ഥാന സൗകര്യങ്ങൾ: 11.4 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുതി ശൃംഖല, 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് എന്നിവ സജ്ജമാക്കുന്നു.
ഫുട്ബാൾ ഗ്രൗണ്ട്, മാർക്കറ്റ്, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ, പൊതുജന ആരോഗ്യ കേന്ദ്രം, സ്മാരകം എന്നിവ ടൗൺഷിപ്പിന്റെ ഭാഗമാകും.
ഊർജ്ജം: ഓരോ വീട്ടിലും സ്വന്തമായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കും.
1600-ഓളം ജീവനക്കാരാണ് രാപ്പകൽ ഭേദമന്യേ നിർമ്മാണത്തിനായി അധ്വാനിക്കുന്നത്. 58 ഘട്ടങ്ങളിലായി കർശനമായ ഗുണമേന്മ പരിശോധനകൾ ഉറപ്പുവരുത്തുന്നുണ്ട്. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധനസാമഗ്രികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നിർമ്മാണം പൂർത്തിയായ ശേഷം അഞ്ച് വർഷത്തേക്ക് കേടുപാടുകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കായിരിക്കും.
മുന്നൂറോളം വീടുകൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടമാണ് ഫെബ്രുവരിയിൽ കൈമാറുക. പ്രകൃതിയോട് ഇണങ്ങുന്നതും എന്നാൽ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്നതുമായ രീതിയിലാണ് ഈ ടൗൺഷിപ്പിന്റെ രൂപകൽപ്പനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.