റിപ്പോർട്ട് : അൻവർ ഷരീഫ്
കൂളിമാട്: എരഞ്ഞിപറമ്പ് കുടിവെളള പദ്ധതിയുടെ വാട്ടർ ടാങ്ക് തകർന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് എരഞ്ഞിപറമ്പ് പ്രദേശത്തെ 120 ഓളം വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ 50,000 ലിറ്റർ സംഭരണശേഷിയുള്ള കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ടാങ്കിന്‍റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളിയാണ് പൂര്‍ണമായും തകര്‍ന്നത്. പുലർച്ചെ ഒരുമണിയോടെ ടാങ്ക് സംഭവം.
ടാങ്കിൽ നിന്നുള്ള വെള്ളം കുതിച്ചെത്തിയതോടെ വാട്ടർ ടാങ്കിൻ്റെ സമീപത്ത് താമസിക്കുന്ന സെയ്ത് മുഹമ്മദിൻ്റെ വീടിനോട് ചേർന്നുള്ള മൺ കൂന തകർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. വാട്ടർ ടാങ്ക് തർന്നതോടെ പ്രദേശത്തെ 120 ഓളം വീട്ടുകാരുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. തകർന്ന വാട്ടർ ടാങ്കിന് 30 വർഷത്തോളം പഴക്കമുണ്ട്.
വാട്ടർ അതോറിറ്റിക്ക് 20 ലക്ഷത്തിൽപരം രൂപ കുടിശ്ശിക വന്നതോടെ എരഞ്ഞിപ്പറമ്പ് ഉൾപ്പെടെ കുടിവെള്ളമെത്തിച്ചിരുന്ന എൻ സി പി സി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് വർഷങ്ങളായി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തുകാരുടെ പിന്നീടുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതി. പദ്ധതിയുടെ വാട്ടർ ടാങ്ക് തകർന്നതോടെ ഈ പ്രദേശത്തുകാർക്ക് കുടിവെള്ളം കിട്ടാക്കനിയാകും.