തൃശൂർ: ചാലക്കുടി പുഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് പരിഭ്രാന്തി പരത്തി. പുഴയിൽ ഇറങ്ങിയ സഞ്ചാരികൾ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കുടുങ്ങിയെങ്കിലും ഇവരെ സുരക്ഷിതമായി കരക്കെത്തിച്ചു. ഡാം തുറക്കാതെ എങ്ങനെ ജലനിരപ്പ് ഉയർന്നു എന്നതിൽ നിലവിൽ അവ്യക്തത തുടരുകയാണ്.(Water level unexpectedly rises in Athirappilly, Tourists trapped in the river rescued)
സാധാരണയായി പെരിങ്ങൽകുത്ത് ഡാമിൽ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത്. എന്നാൽ ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡാമിന്റെ വാൽവുകളൊന്നും തുറന്നിട്ടില്ലെന്നും വെള്ളം പുറത്തേക്ക് വിട്ടിട്ടില്ലെന്നും എഞ്ചിനീയർ അറിയിച്ചു.
രാവിലെ ഒൻപത് മണിയോടെ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരുന്നതായി കെഎസ്ഇബി അറിയിച്ചു. സാധാരണയായി മുൻകൂട്ടി അറിയിപ്പ് നൽകാതെ ഡാം തുറക്കാറില്ല. അതുകൊണ്ടുതന്നെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള കാരണം അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.