
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 134.30 അടിയിലെത്തിയിരിക്കുകയാണ് ഡാമിലെജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാനിർദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതേസമയം , 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.