'മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നു, ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം': അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ | Landslide

ബിജുവിനെ പുറത്തെടുക്കുമ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു
'മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നു, ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം': അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ | Landslide
Published on

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ അപകടത്തിന് കാരണം അധികൃതരുടെ മുന്നറിയിപ്പുകൾ ലംഘിച്ചതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മണ്ണിടിച്ചിൽ സാധ്യതയുണ്ടായിരുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.(Warning should not have been ignored, says Minister Roshy Augustine on Adimali landslide)

"ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനാൽ തന്നെ പ്രദേശത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ മാറ്റിപ്പാർപ്പിച്ചിരുന്നിടത്ത് നിന്ന് അവർ വീട്ടിലേക്ക് തിരികെ വരുകയായിരുന്നു. ഇക്കാര്യത്തിൽ അവർ ശ്രദ്ധിക്കേണ്ടതായിരുന്നു. മുന്നറിയിപ്പ് ലംഘിക്കാൻ പാടില്ലായിരുന്നു. നിർഭാഗ്യവശാൽ അവർ വീട്ടിൽ തിരിച്ചെത്തുകയും അപകടത്തിൽപെടുകയുമായിരുന്നു," മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

അപകടകരമായ സാഹചര്യങ്ങളിൽ മുന്നറിയിപ്പ് അവഗണിക്കാൻ പാടില്ലെന്നാണ് വ്യക്തിപരമായി ഈ ഘട്ടത്തിൽ പറയാനുള്ളതെന്നും, പ്രകൃതിയോടും ദുരന്തത്തോടും മല്ലടിക്കുക അസാധ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 10.30നുശേഷമുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ദമ്പതികളായ ബിജുവിനെയും (48) ഭാര്യ സന്ധ്യയെയും (42) അഞ്ച് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. എന്നാൽ ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുനിന്നും 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതിൽ ബിജുവും സന്ധ്യയും ഉൾപ്പെട്ടിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയത്.

50 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ തകർന്നു.

ആദ്യം പുറത്തെത്തിച്ച സന്ധ്യയെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വിദഗ്ധ ചികിത്സയ്ക്കായി ഉടൻ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയ്ക്ക് ശ്വാസതടസ്സമുണ്ടെങ്കിലും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സന്ധ്യയെ രക്ഷപ്പെടുത്തി ഒരു മണിക്കൂറിന് ശേഷമാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ബിജുവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com