

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടികൾക്കായി ജനങ്ങളുടെ അഭിപ്രായം തേടി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് അറിയാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നും സഹകരിക്കാൻ താത്പര്യമുള്ളവർക്ക് നേരിട്ട് കത്തെഴുതാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Want to know what people have to say, Binoy Viswam asks people to write letters)
തിരഞ്ഞെടുപ്പിലെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. "ഈ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കാൻ പാർട്ടിക്ക് കടമയുണ്ട്. അതിന്റെ പാഠങ്ങൾ പഠിച്ച് തെറ്റുതിരുത്തി എൽ.ഡി.എഫ്. വർധിച്ച കരുത്തോടെ തിരിച്ചു വരും." കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും പരാജയ കാരണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. ഇത് പഠനത്തിൻ്റെയും തിരുത്തലിൻ്റെയും ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് നിർദേശങ്ങൾ നൽകാൻ താത്പര്യമുള്ളവർ കത്തുകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, സി.പി.ഐ. സംസ്ഥാന കൗൺസിൽ, എം.എൻ. സ്മാരകം, തിരുവനന്തപുരം 14.