
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ച വിശാലമായ വെള്ള ക്യാൻവാസിൽ വളരെ പെട്ടെന്നാണ് വർണ്ണാഭമായ കൈപ്പടങ്ങളും ഹൃദയസ്പർശിയായ സന്ദേശങ്ങളും നിറഞ്ഞത്. കൊച്ചിയിലെ പ്രമുഖ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററായ പ്രയത്ന ഒരുക്കിയ "വോൾ ഓഫ് ഹോപ്പ്" കാമ്പയിനാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയത്. മാനസികാരോഗ്യത്തെക്കുറിച്ചും വൈകാരികസൗഖ്യത്തെ കുറിച്ചുമുള്ള തുറന്ന ചർച്ചകൾക്കാണ് കൊച്ചി നഗരം സാക്ഷിയായത്.
"മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിനും അതിനെക്കുറിച്ച് ശരിയായ ധാരണകൾ മനസ്സിലാക്കിയെടുക്കാനും ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രയത്നയുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ഒരുമിച്ച് നിന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും, സമൂഹത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങളിലൂടെ അവബോധം നൽകാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ വർണ്ണാഭമായ കൈപ്പടങ്ങൾ, വ്യക്തിപരമായ കുറിപ്പുകൾ, രേഖാചിത്രങ്ങൾ, എന്നിവയാണ് 'വോൾ ഓഫ് ഹോപ്പി’ൽ നിറഞ്ഞത്. ഓരോ കുത്തിക്കുറിക്കലുകളും ചിത്രങ്ങളും ജനമനസ്സുകളിലെ പ്രത്യാശയുടെ പ്രതിഫലനമായി മാറി. കൗതുകം കൊണ്ട് പരിപാടിയുടെ ഭാഗമായവർ പോലും അവരുടെ തനതായ കഥകൾ പറഞ്ഞു. വ്യക്തികൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും, കഥകൾ പങ്കിടാനും, കൂട്ടായ പിന്തുണയുടെയും അവബോധത്തിന്റെയും ഭാഗമാകാനുമുള്ള ശക്തമായ ഒരു വേദിയൊരുക്കുകയാണ് പ്രയത്ന ചെയ്തത്.
"സ്വയം തുറന്നുപറയാൻ ഇത്രയധികം ആളുകൾ മുന്നോട്ട് വന്നത് വളരെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന്, കാമ്പയിനിന്റെ ഭാഗമാകാൻ എത്തിയ ജിത പറഞ്ഞു.
മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സാമൂഹികമായ ഒറ്റപ്പെടുത്തലിനെതിരെ പ്രചാരണം നടത്തുന്നതിനും വേണ്ടിയാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. ഒക്ടോബർ 10നാണ് ആഗോളതലത്തിൽ ലോക മാനസികാരോഗ്യ ദിനം ആഘോഷിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മാനസികാരോഗ്യ, പുനരധിവാസ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് പ്രയത്ന.