പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി രാംനാരായണൻ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രാദേശികവാസികളായ സ്ത്രീകൾക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ്. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ക്രൂരമായ വിചാരണയ്ക്കിടെ ചില സ്ത്രീകൾ രാംനാരായണനെ മർദ്ദിച്ചതായി പോലീസിന് വിവരം ലഭിച്ചു. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഈ വിവരങ്ങൾ ഗൗരവമായി പരിശോധിച്ചുവരികയാണ്.(Walayar mob lynching, Police say women were also involved)
ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ (31) ശരീരത്തിൽ 80-ലധികം പരിക്കുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തല മുതൽ കാൽപ്പാദം വരെ വടികൊണ്ടും മറ്റും അടിച്ചതിന്റെ പാടുകളുണ്ട്. വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
മോഷണക്കുറ്റം ആരോപിച്ചും, "ബംഗ്ലാദേശി" ആണോ എന്ന് ചോദിച്ചും വർഗീയ ചുവയുള്ള പരാമർശങ്ങളോടെയുമായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. ജോലി അന്വേഷിച്ച് ഒരാഴ്ച മുൻപ് പാലക്കാട്ടെത്തിയ രാംനാരായണൻ വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ മദ്യപിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും പങ്കുണ്ടായിരുന്നില്ല.
കേസിൽ ഇതിനോടകം അഞ്ചുപേരെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനു (38), പ്രസാദ് (34), മുരളി (38), അനന്തൻ (55), ബിപിൻ (30). ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടുതൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിലെ ഗൂഢാലോചനയും ആൾക്കൂട്ട വിചാരണയിലെ ബാക്കി പ്രതികളെയും കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഊർജിതമായി രംഗത്തുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.