പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് കൊല്ലപ്പെട്ട രാംനാരായണന്റെ മരണം തലയ്ക്കും ശരീരത്തിനുമേറ്റ അതിശക്തമായ പരിക്കുകൾ മൂലമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. മൃതദേഹത്തിൽ തല മുതൽ പാദം വരെ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നും മണിക്കൂറുകളോളം നീണ്ട ക്രൂരതയാണ് നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.(Walayar mob lynching, Initial postmortem report reveals more than 40 injuries on victim's body)
രാംനാരായണന്റെ പുറംഭാഗം വടികൊണ്ട് അടിച്ചതകർ നിലയിലായിരുന്നു. നിലത്തിട്ട് വലിച്ചതിന്റേയും ചവിട്ടിയതിന്റേയും അടയാളങ്ങൾ ശരീരത്തിലുണ്ട്. തലയിലേറ്റ മാരകമായ പരിക്കിനെത്തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതായി എക്സ്റേ പരിശോധനയിൽ വ്യക്തമായി.
ശരീരമാസകലം നാൽപ്പതിലധികം മുറിവുകളാണ് ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയത്. മോഷ്ടാവെന്ന് വെറുതെ സംശയിച്ചാണ് നാട്ടുകാർ രാംനാരായണനെ തടഞ്ഞുവെച്ച് മർദിച്ചത്. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് മാനസിക വിഷമത്തിലായിരുന്ന രാംനാരായണൻ, ജോലി തേടിയാണ് പാലക്കാട്ടെത്തിയത്. വഴിതെറ്റിയാണ് ഇയാൾ അട്ടപ്പള്ളത്ത് എത്തിയത്.
സംഭവത്തിൽ അഞ്ച് പ്രദേശവാസികളെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. അവശനിലയിലായ രാംനാരായണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേവലം സംശയത്തിന്റെ പേരിൽ ഒരു മനുഷ്യനെ മണിക്കൂറുകളോളം തല്ലിച്ചതച്ച നാട്ടുകാരുടെ പ്രവൃത്തി കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.