പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. രാവിലെ 11 മണിയോടെയുള്ള വിമാനത്തിൽ മൃതദേഹം ഛത്തീസ്ഗഡിലേക്ക് എത്തിക്കും. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.(Walayar mob lynching case, Relatives receive the body of Ram Narayan)
സർക്കാർ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. നേരത്തെ, ഉന്നതതല അന്വേഷണവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. തുടർന്ന് മന്ത്രി കെ. രാജൻ, ജില്ലാ ഭരണകൂടം എന്നിവർ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത ധനസഹായം സർക്കാർ ഉറപ്പുനൽകി. കേസിൽ എസ്.സി/എസ്.ടി വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മോഷ്ടാവെന്ന വെറും സംശയത്തിൽ ഒരു സംഘം ആളുകൾ റാം നാരായണനെ അതിക്രൂരമായി മർദ്ദിച്ചത്. മണിക്കൂറുകളോളം നീണ്ട ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തല മുതൽ കാൽ വരെ നാൽപ്പതിലധികം മുറിവുകൾ ഇദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.