

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്വതന്ത്രനായി ജയിച്ച ഇ.യു. ജാഫറിനെ കൂറുമാറ്റാൻ സി.പി.ഐ.എം എം.എൽ.എമാർ നേരിട്ട് ഇടപെട്ടതായി കോൺഗ്രസ് നേതാവ് പി.ഐ. ഷാനവാസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അട്ടിമറി നീക്കങ്ങൾ നടന്നുവെന്നാണ് ആരോപണം. എ.സി. മൊയ്തീന്റെയും സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ ഇ.യു. ജാഫറിനെ നേരിട്ട് കണ്ട് സംസാരിച്ചെന്നും ഇതിന് ശേഷമാണ് വോട്ട് മറിക്കാനുള്ള 'ഡീൽ' ഉറപ്പിച്ചതെന്നും ഷാനവാസ് പറഞ്ഞു.
ജാഫറിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിച്ചാൽ എം.എൽ.എമാരുടെ പങ്ക് വ്യക്തമാകും. തന്റെ കൈവശമുള്ള നിർണ്ണായകമായ ശബ്ദരേഖകൾ വിജിലൻസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും വിഷയത്തിൽ ശക്തമായ രാഷ്ട്രീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് ഭരണം പിടിച്ചതിന് പിന്നിൽ കോഴയും അഴിമതിയുമാണെന്ന യു.ഡി.എഫ് ആരോപണം ഈ വെളിപ്പെടുത്തലോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.