വടക്കാഞ്ചേരി: വോട്ട് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ബ്ലോക്ക് ഓഫീസിന് മുൻപിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ നിരത്തി പോലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.മാർച്ചും പോലീസുമായുള്ള ഉന്തും തള്ളും കാരണം തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാരും ഹോണടിച്ചും മറ്റും പ്രതിഷേധം അറിയിച്ചു.
പോലീസ് ബാരിക്കേഡുകൾ മാറ്റിയതോടെ പ്രവർത്തകർ ബ്ലോക്ക് ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.വോട്ട് കോഴ ആരോപണത്തിൽ എം.എൽ.എമാർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ വടക്കാഞ്ചേരിയിൽ രാഷ്ട്രീയ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.