തിരുവനന്തപുരം കോർപ്പറേഷൻ BJPക്ക്: കേരളത്തിലെ ആദ്യ BJP മേയറായി VV രാജേഷ്, മുൻ മേയറുടെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന് ആദ്യ പരാതി, സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ CPM, പരാതി തള്ളി കളക്ടർ, പാർട്ടി കോടതിയിലേക്ക് | VV Rajesh

പാറ്റൂർ രാധാകൃഷ്ണന്റെ വോട്ടും വി.വി. രാജേഷിന് ലഭിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ BJPക്ക്: കേരളത്തിലെ ആദ്യ BJP മേയറായി VV രാജേഷ്, മുൻ മേയറുടെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന് ആദ്യ പരാതി, സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ CPM, പരാതി തള്ളി കളക്ടർ, പാർട്ടി കോടതിയിലേക്ക് | VV Rajesh
Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടി. മുതിർന്ന നേതാവ് വി.വി. രാജേഷ് പുതിയ മേയറായി. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആകെ 100 അംഗങ്ങളുള്ള കൗൺസിലിൽ 51 വോട്ടുകൾ നേടിയാണ് രാജേഷ് വിജയിച്ചത്. ബിജെപിയുടെ 50 അംഗങ്ങൾക്ക് പുറമെ സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ വോട്ടും വി.വി. രാജേഷിന് ലഭിച്ചു.(VV Rajesh becomes Thiruvananthapuram mayor and the first BJP mayor in Kerala)

ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ പരാതിയും പുതിയ മേയർക്ക് ലഭിച്ചു. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്. എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനങ്ങൾക്കായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ച സംഭവം, കെട്ടിടനികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്-മെയിന്റനൻസ് ക്രമക്കേടുകൾ എന്നിവയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

വോട്ടെടുപ്പിന് തൊട്ടുമുൻപായി ബിജെപി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഎം കൗൺസിലർ എസ്.പി. ദീപക് രംഗത്തെത്തി. ഇത് ചട്ടലംഘനമാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാൽ സിപിഎമ്മിന്റെ പരാതി ജില്ലാ കളക്ടർ അനുകുമാരി തള്ളി. സത്യപ്രതിജ്ഞാ വേളയിൽ തന്നെ ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നും, നിലവിൽ അംഗങ്ങൾ ഫോമുകളിൽ ഒപ്പിട്ട് യോഗത്തിൽ പങ്കെടുത്ത സ്ഥിതിക്ക് അവർ ഔദ്യോഗികമായി കൗൺസിലർമാരാണെന്നും കളക്ടർ വ്യക്തമാക്കി. ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും കളക്ടർ അറിയിച്ചു.

കളക്ടറുടെ നിലപാടിനെ കൈയടികളോടെയാണ് ബിജെപി കൗൺസിലർമാർ സ്വീകരിച്ചത്. ഇതിന് പിന്നാലെ നടന്ന വോട്ടെണ്ണലിൽ ഭൂരിപക്ഷം ഉറപ്പാക്കി വി.വി. രാജേഷ് വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത് എന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ബിജെപി-യുഡിഎഫ് അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ സിപിഎം കോടതിയെ സമീപിക്കുന്നു. വരണാധികാരിയായ കളക്ടർ പരാതി തള്ളിയതോടെയാണ് സിപിഎം കോടതിയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖ അവസാന നിമിഷം വി.വി. രാജേഷിന് നറുക്കുവീണതിൽ കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് ചടങ്ങിൽ നിന്ന് അവർ വിട്ടുനിൽക്കുകയും ചെയ്തു. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com