തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതര വിമർശനവുമായി മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് സുനിൽ കുമാർ ആവശ്യപ്പെട്ടു.(VS Sunil Kumar seeks Election Commission's explanation on Suresh Gopi's voting)
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാർ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചെയ്തത്. എന്നാൽ, ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ്. ഇത് എങ്ങനെ സംഭവിച്ചു? ഇതിന് കേന്ദ്രമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നൽകണം.
വി.എസ്. സുനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമർശനം ഉന്നയിച്ചത്. നേരത്തെ, തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയർന്നത്.