തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സ്മരിച്ച് വി എസ് സുനിൽ കുമാർ. "ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവന്മാരിലെ അവസാനകണ്ണികളില്‍ ഒരാള്‍ ഇതാ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു." അദ്ദേഹം പറഞ്ഞു.(VS Achuthanandan passes away)
"വി എസ് എന്ന രണ്ടക്ഷരത്തില്‍ സംഭവബഹുലവും സ്ഫോടനാത്മകവും വിപ്ലവകരവുമായ ഒരു മഹാകാലം ആര്‍ത്തലയ്ക്കുന്നു. സ.വി എസ് അച്യുതാനന്ദന്‍ എപ്പോഴും കേരളത്തിന്റെ മനസ്സാക്ഷിയായി നിലകൊണ്ടു. ആ പേര് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. പാര്‍ശ്വവ്തകരിക്കപ്പെടുന്ന വ്യക്തികളോടും അരികുവത്കരിക്കപ്പെടുന്ന സത്യത്തോടും ഒപ്പമാണ് നമ്മള്‍ എപ്പോഴും വി എസിനെ കണ്ടത്. എപ്പോഴും അദ്ദേഹം അങ്ങനെയായിരുന്നു. ഓരോ മലയാളിയ്ക്കും വി എസ് വ്യത്യസ്തമായ ഒരു അനുഭവമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി" അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964-ല്‍ പിളര്‍ന്ന് സിപിഐ(എം) രൂപീകരിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാൾ സഖാവ് വി എസ് അച്യുതാനന്ദനായിരുന്നു എന്നും, രാഷ്ട്രീയജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന പ്രവര്‍ത്തനശൈലിയും നിലപാടുകളും മറ്റു രാഷ്ട്രീയനേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വി എസ് എന്നാല്‍ വിപ്ലവവീര്യം ചോര്‍ന്നുപോകാത്ത ഉശിരന്‍ സഖാവ് എന്നാണ് അര്‍ത്ഥം. നൂറ്റിയൊന്നാമത്തെ വയസ്സില്‍ നമ്മെ വിട്ടുപോകുമ്പോഴും അദ്ദേഹം ഒരിക്കലും അണയാത്ത വിപ്ലവവീര്യം ബാക്കിവെച്ചിട്ടാണ് പോകുന്നത്. ആ സ്‌നേഹസൂര്യന്‍ ഒരിക്കലും അസ്തമിക്കുന്നില്ല', വി എസ് സുനിൽ കുമാർ പറഞ്ഞു.