

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ, തിരഞ്ഞെടുപ്പിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ സിപിഎം കോടതിയെ സമീപിക്കുന്നു.(Voting should be invalidated, CPM moves court regarding Thiruvananthapuram Corporation elections)
101 അംഗ കൗൺസിലിൽ 51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് വിജയിച്ചത്. ബിജെപിയുടെ 50 അംഗങ്ങൾക്ക് പുറമെ പാറ്റൂർ വാർഡിലെ സ്വതന്ത്ര അംഗം രാധാകൃഷ്ണനും ബിജെപിക്ക് വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥിന് 17 വോട്ടും ലഭിച്ചു.
ഒപ്പിട്ടതിലെ പിഴവ് മൂലം യുഡിഎഫ് അംഗങ്ങളായ കെ.ആർ. ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകൾ അസാധുവായി. ബിജെപിയുടെയും യുഡിഎഫിന്റെയും ഇരുപതോളം അംഗങ്ങൾ ഔദ്യോഗിക ചട്ടത്തിന് വിരുദ്ധമായി ബലിദാനികളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം നേതാവ് എസ്.പി. ദീപക് ആരോപിച്ചു. ചട്ടപ്രകാരം പ്രതിജ്ഞയെടുത്തവരുടെ വോട്ടുകൾ മാത്രമേ സാധുവായുള്ളൂ എന്നും, അതിനാൽ വോട്ടെടുപ്പ് അസാധുവാക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. വരണാധികാരിയായ കളക്ടർ ഈ പരാതി തള്ളിയതോടെയാണ് സിപിഎം കോടതിയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖ അവസാന നിമിഷം വി.വി. രാജേഷിന് നറുക്കുവീണതിൽ കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് ചടങ്ങിൽ നിന്ന് അവർ വിട്ടുനിൽക്കുകയും ചെയ്തു. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ടുണ്ട്.