വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; ജില്ലയില്‍നിന്ന് പുതുതായി അപേക്ഷിച്ചത് രണ്ടര ലക്ഷത്തോളം പേര്‍

Voters List
Published on

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 2,45,091 പേര്‍. ജൂലൈ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇത്രയും പേര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. ഇതിനു പുറമെ, കരട് വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 697 അപേക്ഷകളും ഒരു വാര്‍ഡില്‍നിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റത്തിന് 9,566 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ 36,920 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്. ഓഗസ്റ്റ് 12 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുക. ഓഗസ്റ്റ് 7 വരെ നിശ്ചയിച്ചിരുന്ന തീയതി പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഇതോടൊപ്പം പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റ് (https://sec.kerala.gov.in) വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.

വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.

Related Stories

No stories found.
Times Kerala
timeskerala.com