

ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിൽ നവംബർ ഒന്ന് മുതൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ (SIR) ആരംഭിക്കുമെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പാക്കും.
ഒരുക്കങ്ങൾ ഊർജ്ജിതമാക്കി
വിഷയം ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ജില്ലാ തലത്തിൽ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാനാണ് നിലവിലെ തീരുമാനം.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ കേരളത്തിൽ പരിഷ്‌കരണ നടപടികൾ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ബിഹാർ മാതൃകയിൽ നടപ്പാക്കും
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്.ഐ.ആർ. നടപ്പാക്കുന്നത്. ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം.