തിരുവനന്തപുരം: കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടെന്നതിന് തെളിവുകൾ പുറത്ത്. പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാർ, വൈഷ്ണ ഹാജരാക്കിയ രേഖകളിലെ വീടുകളിലെത്തി താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തായത്.( Voter list controversy, Are the mayor's office staff behind the vote-scoring of Congress candidate Vaishna?)
അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയ 18/564 എന്ന വീട്ടു നമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ട് ഒഴിവാക്കണമെന്നുമായിരുന്നു സി.പി.എം. ബ്രാഞ്ച് അംഗം ധനേഷ് കുമാറിൻ്റെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് ജി.എം. കാർത്തിക നടത്തിയ അന്വേഷണത്തിൽ വൈഷ്ണ ഈ വീട്ടിൽ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
തുടർന്ന്, സൂപ്രണ്ട് ആർ. പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങ്ങിൽ, വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ വോട്ട് ഒഴിവാക്കാമെന്ന് ശുപാർശ ചെയ്തു. ഇതിനു പിന്നാലെ, ഇലക്ടറൽ ഓഫീസർ കൂടിയായ അഡീഷണൽ സെക്രട്ടറി വി. സജികുമാർ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഈ നടപടിക്രമങ്ങൾ നടക്കുന്ന അതേ സമയത്താണ് കോർപ്പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാർക്ക് ഉൾപ്പെടെ മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ സമാന്തരമായി ഇടപെടൽ നടത്തിയത്. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തിയ ഇവർ, 'തങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നതെന്നും രണ്ട് വർഷമായി മറ്റാരും ഇവിടെയില്ലെന്നും' ഉള്ള സത്യവാങ്മൂലം താമസക്കാരിൽ നിന്ന് എഴുതി വാങ്ങുകയായിരുന്നു.
വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് കാർത്തികയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപ്പറേഷൻ ഇലക്ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങൾ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ ഇടപെടലുകൾക്ക് തെളിവാണ്.