
തൃശൂർ: വോട്ടുകൊള്ള വിവാദങ്ങൾ കത്തിനിൽക്കെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തൃശൂരിൽ. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദിവസങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി തൃശൂരിലെത്തുന്നത്. സിപിഎമ്മുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കണ്ടു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസ് മാർച്ചിലും സുരേഷ് ഗോപി പങ്കെടുക്കും.
തൃശൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ മൗനവ്രതത്തിലാണ് സുരേഷ് ഗോപി. പരിക്കേറ്റ പ്രവർത്തകരെ കാണാൻ ആശുപത്രിയിലും തുടർന്ന് ഓഫീസിലും മാധ്യമങ്ങൾ പിന്നാലെ കൂടിയിട്ടും 'കമ' എന്നൊരക്ഷരം സുരേഷ്‌ഗോപി മിണ്ടിയിട്ടില്ല. തൃശൂർ വോട്ട് കൊള്ള, സഹോദരന്റെ ഇരട്ട വോട്ട്, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇങ്ങനെ നിരവധി സുരേഷ് ഗോപി ഒന്ന് പ്രതികരിച്ചു കാണാൻവേണ്ടി കാത്തിരിക്കുകയാണ്. എന്നാൽ, ഒരു വിഷയത്തിലും മറുപടി പറയാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകർ സ്വീകരിച്ചു. 'ധീരതയോടെ നയിച്ചോളുളൂ' എന്ന മുദ്രവാക്യങ്ങളും അണികൾ ഉയർത്തി. എംപി ഓഫീസിൽ തുടരുന്ന സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസ് മാർച്ചിലും ഇന്ന് പങ്കെടുക്കും.