തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.ക്ക് (KSRTC) പുത്തൻ ഉണർവ് നൽകി, ഏറ്റവും പുതിയ മോഡലായ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. 'കെ.എസ്.ആർ.ടി.സിയുടെ കേരളപ്പിറവി സമ്മാനം' എന്ന തലക്കെട്ടോടെ, മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ബസിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ചത്.(Volvo 9600S buses to be launched soon, KSRTC's Kerala Piravi gift)
പുതിയ ബസിന്റെ അകത്തെ സൗകര്യങ്ങളെക്കുറിച്ചോ, സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന റൂട്ടുകളെക്കുറിച്ചോ ഉള്ള അധിക വിവരങ്ങൾ മന്ത്രിയുടെ പോസ്റ്റിൽ ലഭ്യമല്ല. എങ്കിലും, അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം നൽകാൻ ഈ ബസുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി. 'ഹാപ്പി ലോംഗ് ലൈഫ്' എന്ന പേരിലാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിയമസഭയിൽ മന്ത്രി നേരത്തെ നൽകിയ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ, മറ്റ് ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്.
സൗജന്യ യാത്രയ്ക്കായുള്ള അപേക്ഷകൾ പരിഗണിച്ച്, അർഹരായവർക്ക് 'ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ്' അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെ.എസ്.ആർ.ടി.സി. എത്തിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.