തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. സംഗമത്തിൽ 4126 പേർ പങ്കെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. 182 വിദേശ പ്രതിനിധികളാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VN Vasavan on Global Ayyappa Sangamam)
പരിപാടിക്ക് മുൻപാണ് ഒഴിഞ്ഞ കസേരയുടെ ദൃശ്യം എടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ് എന്നാണ് മന്ത്രി പറഞ്ഞത്.
അതേസമയം, ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമാണെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമത്തിൽ 4000ത്തിലേറെപ്പേർ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. വേണമെങ്കിൽ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുചോദ്യം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്ന് അദ്ദേഹം ആരാഞ്ഞു.
സംഗമം പരാജയപ്പെട്ടു എന്നത് മാധ്യമ പ്രചാരണം ആണെന്നും, നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ചു.