

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രംഗത്തെത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ തന്നെ നേരിട്ട് വിളിച്ചെന്നും ഇത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും എംഎൽഎ പ്രതികരിച്ചു.
ശ്രീലേഖയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വി.കെ. പ്രശാന്ത് വിമർശിച്ചത്. "പോലീസ് ഉദ്യോഗസ്ഥ എന്ന പദവിയൊക്കെ കഴിഞ്ഞു, ഒഴിപ്പിക്കാനുള്ള അധികാരമൊന്നും ഇപ്പോഴില്ലെന്ന് അവർ മനസ്സിലാക്കുന്നത് നന്നായിരിക്കും. പ്രതിപക്ഷ ബഹുമാനം എന്നൊന്നുണ്ട്. അധികാരം കിട്ടിയെന്ന് കരുതി ആരോടും എങ്ങോട്ടും മാറാൻ പറയാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?"- എംഎൽഎ ചോദിച്ചു.
നഗരസഭാ സെക്രട്ടറിയാണ് നോട്ടീസ് നൽകേണ്ടത്. അത്തരം ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ വാടക കാലാവധി നിലനിൽക്കുന്നുണ്ട്. അത് കഴിഞ്ഞശേഷം മാത്രമേ മാറ്റത്തെക്കുറിച്ച് ചിന്തിക്കൂ. കെട്ടിടം നിർമിച്ചതും ഉദ്ഘാടനം ചെയ്തതും തന്റെ കാലത്താണെങ്കിലും അതൊരു അവകാശവാദമായി ഉന്നയിക്കുന്നില്ല, മറിച്ച് ജനാധിപത്യപരമായ രീതികൾ പാലിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസുകൾ ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. തന്റെ ഓഫീസിന് സൗകര്യം കുറവായതിനാൽ എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനമെന്ന നിലയിലാണ് അവർ സംസാരിച്ചതെന്നും എന്നാൽ തനിക്ക് ഇതുവരെ രേഖാമൂലമുള്ള നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കി.