തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു (V.K. Prasanth MLA). കഴിഞ്ഞ ദിവസം വാഴോട്ടുകോണത്ത് നടന്ന മഹിളാമന്ദിരം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വാഴോട്ടുകോണത്തെ മഹിളാമന്ദിരത്തിന്റെ നവീകരിച്ച കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മന്ത്രി എത്താത്തതിനെ തുടർന്ന് വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടകനായി. നഗരസഭയുടെ കെട്ടിടം നഗരസഭയെ അറിയിക്കാതെ ഉദ്ഘാടനം ചെയ്യുന്നുവെന്നും വാർഡ് കൗൺസിലറെ ചടങ്ങിൽ ക്ഷണിച്ചില്ലെന്നും ആരോപിച്ചായിരുന്നു സുഗതന്റെ പ്രതിഷേധം.
ഉദ്ഘാടനത്തിനായി എത്തിയ എംഎൽഎയുടെ കാർ സുഗതന്റെ നേതൃത്വത്തിൽ തടഞ്ഞു. കൂടാതെ മൈക്ക് ഓപ്പറേറ്റർമാരെയും സംഘാടകരെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഗതനെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും വട്ടിയൂർക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ എംഎൽഎയും സിപിഎമ്മും ചേർന്ന് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും കൗൺസിലറെ അവഗണിച്ചതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു എന്നുമാണ് സുഗതന്റെ വിശദീകരണം.

