കൊച്ചി: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും നിശ്ചയിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസിന് തിരിച്ചടിയേറ്റു. കൗൺസിലർമാരുടെ പിന്തുണ മിനിമോൾക്കും ഷൈനി മാത്യുവിനും അനുകൂലമായതോടെയാണ് ദീപ്തി പുറത്തായത്.(VK Minimol and Shiny Mathew will share the post of mayor in Kochi, Setback for Deepthi Mary Varghese)
തിങ്കളാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ വോട്ടിംഗിലൂടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഷൈനി മാത്യു 19 കൗൺസിലർമാരുടെ പിന്തുണയോടെയും, വി.കെ. മിനിമോൾ 17 കൗൺസിലർമാരുടെ പിന്തുണയോടെയും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ദീപ്തി മേരി വർഗീസിന് 4 പേരുടെ പിന്തുണയാണ് ലഭിച്ചത്.
ആദ്യ ടേമിൽ വി.കെ. മിനിമോൾ മേയറാകും. ലത്തീൻ സമുദായത്തിൽ നിന്നുള്ള പ്രതിനിധി എന്നത് മിനിമോൾക്ക് അനുകൂലഘടകമായി. രണ്ടാം ടേമിൽ ഷൈനി മാത്യു മേയർ സ്ഥാനം ഏറ്റെടുക്കും. ദീപക് ജോയിയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നിശ്ചയിച്ചു. മേയർ സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ ദീപ്തിയെ എതിർത്തതാണ് തിരിച്ചടിയായത്. ഇതിന് പകരമായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും പാർട്ടിയിലുണ്ടായിട്ടുണ്ട്.