
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യാനുള്ള സപ്ലിമെന്‍ററി കൺസഷൻ കരാറിൽ സർക്കാരും അദാനി പോർട്സും തമ്മിൽ നാളെ ഒപ്പിടും. 2024 ഡിസംബറിൽ തുറമുഖം കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതാണ് കരാർ. ഫെബ്രുവരിയിൽ ആർബിട്രേഷൻ കേസുകൾ ഒത്തുതീർപ്പാക്കിയപ്പോൾ 90 ദിവസത്തിനകം കരാർ ഒപ്പിടാൻ ആയിരുന്നു തീരുമാനം.
ഇത് നാലുവട്ടം നീട്ടിയതിന്റെ സമയപരിധി ഈ മാസം 30ന് അവസാനിക്കുമായിരുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗം സപ്ലിമെൻററി കരാറിന്റെ കരടിന് അംഗീകാരം നൽകി. കരാർ പ്രകാരം 2028 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണം പൂർത്തിയാക്കണം.
അതേസമയം വിഴിഞ്ഞത്തിന് നേരേയുള്ള കേന്ദ്രതിന്‍റെ അവഗണന തുടരുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പുനപരിശോധിച്ച് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു.