

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ജനുവരി 24-ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
രണ്ടാം ഘട്ട വികസനത്തോടൊപ്പം പ്രധാനപ്പെട്ട മറ്റ് രണ്ട് പദ്ധതികളുടെ ഉദ്ഘാടനവും അന്ന് നടക്കും. തുറമുഖത്ത് നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്ന എക്‌സിം (EXIM) കാർഗോ സേവനങ്ങൾ. തുറമുഖത്തെ ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്ന പുതിയ പോർട്ട് റോഡ് എന്നീ പദ്ധതികളുടെ ഉദ്‌ഘാടനമാണ് നടക്കുന്നത്. ഏതാണ്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് രണ്ടാം ഘട്ടത്തിനായി പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായ തന്നെ മാറും:
തുറമുഖത്തിന്റെ വാർഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 15 ലക്ഷം ടി.ഇ.യുവിൽ (TEU) നിന്ന് 50 ലക്ഷം ടി.ഇ.യു ആയി ഉയരും. നിലവിലുള്ള 800 മീറ്റർ ബെർത്ത് 2000 മീറ്റർ ആയി വികസിപ്പിക്കും. പുലിമുട്ടിന്റെ നീളം 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വർദ്ധിപ്പിക്കും.
റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ സജ്ജമാക്കും.
കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ കുതിപ്പേകുന്ന വിഴിഞ്ഞം തുറമുഖം, രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിൽ ഒന്നായി മാറും.