

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുൻപേ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2028-ഓടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ലോകത്തെ തന്നെ മികച്ച തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിശ്ചയിച്ചിരുന്നതിലും വളരെ മുൻപേ നിർമ്മാണം പൂർത്തിയാക്കാൻ അദാനി പോർട്സുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. ഒന്നാം ഘട്ടത്തിനായി മാത്രം സംസ്ഥാന സർക്കാർ 5500 കോടി രൂപയാണ് ചിലവഴിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരു തുറമുഖത്തിനായി ഇത്ര വലിയ തുക നിക്ഷേപിച്ചിട്ടില്ല.
ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെയും മറ്റ് തടസ്സങ്ങളെയും അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. "കേരളത്തിൽ ഒന്നും നടക്കില്ല" എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. റെയിൽ കണക്ടിവിറ്റിയും റിങ് റോഡ് പദ്ധതിയും അന്തിമഘട്ടത്തിലാണ്.3000 ഏക്കറോളം സ്ഥലത്ത് അനുബന്ധ വികസന പദ്ധതികൾ വരും. ഇത് സംസ്ഥാനത്തെ യുവാക്കൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
2025 മെയ് രണ്ടിന് തുറമുഖം പൂർണ്ണമായി നാടിന് സമർപ്പിക്കും. കൊളംബോയെയും സിംഗപ്പൂരിനെയും ആശ്രയിച്ചിരുന്ന അന്താരാഷ്ട്ര കപ്പലുകൾ ഇപ്പോൾ വിഴിഞ്ഞത്തേക്ക് എത്തുന്നത് ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.