Vizhinjam Port : വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് വേദിയായത് രാഷ്ട്രീയ ഒളിയമ്പുകൾക്കോ ?

മന്ത്രി വി എൻ വാസവൻ വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കി.
Vizhinjam Port : വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് വേദിയായത് രാഷ്ട്രീയ ഒളിയമ്പുകൾക്കോ ?
Published on

കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചപ്പോൾ വിവാദങ്ങളും അതിനൊപ്പം കൂടി. രാഷ്ട്രീയ ഒളിയമ്പുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായെന്ന് പറയാം. (Vizhinjam Port commissioning)

മന്ത്രി വി എൻ വാസവൻ വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോദി ആയുധമാക്കി. ഇടതു സർക്കാർ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നുവെന്നും അതാണ് മാറ്റമെന്നും മോദി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മലയാളത്തിൽ പ്രസംഗം ആരംഭിച്ച മോദി, 'ഏവർക്കും എൻ്റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' എന്നാണ് പറഞ്ഞത്. പ്രധാനമന്ത്രി രാജ്യത്തിൻ്റെ പണം ഇനി രാജ്യത്തിന് തന്നെയാണെന്ന് പറഞ്ഞു. അത് രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും, കേരളത്തിനും ഇന്ത്യയ്ക്കും ഇതൊരു പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഭാരത് സങ്കൽപ്പത്തിൻ്റെ പ്രധാന കേന്ദ്രമാണ് രാജ്യത്തിൻ്റെ തുറമുഖ നഗരങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്ര വലിയ തുറമുഖം അദാനി കേരളത്തിൽ നിർമ്മിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി തമാശയായി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുറ്റ തൂണാണല്ലോയെന്നും, ശശി തരൂരും വേദിയിൽ ഇരിക്കുന്നുണ്ടെന്നും പറഞ്ഞതിന് ശേഷമാണ് ഇന്നത്തെ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്ന് അദ്ദേഹം പരിഹസിച്ചത്. അതേസമയം, പരിഭാഷകന് സംഭവം പിടികിട്ടിയില്ല. അതോടെ 'അദ്ദേഹത്തിന് കഴിയുന്നില്ല' എന്ന് ചിരിയോടെ പറഞ്ഞ പ്രധാനമന്ത്രി മന്ത്രി വാസവൻ്റെ പരാമർശത്തിലേക്ക് കടക്കുകയായിരുന്നു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം ആരംഭിച്ചത്. ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ കാരണമായത് ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വിഴിഞ്ഞം കമ്മീഷനിങ്ങിലൂടെ നടന്നത് മൂന്നാം മില്ലേനിയത്തിലേക്കുള്ള രാജ്യത്തിൻ്റെ മഹാകവാടം തുറക്കലാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രി വി വാസവൻ സ്വാഗത പ്രസംഗം നടത്തിയത് തുറമുഖത്തിൻ്റെ ശിൽപ്പിയെന്നും, കാലം കരുതിവച്ച കർമ്മയോഗിയെന്നും പിണറായിയെ പുകഴ്ത്തിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com