വിയ്യൂർ ജയിലിലെ മർദനം: മനോജിനെ നാളെ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ട് NIA കോടതി; ശരീരത്തിലെ പരിക്ക് വീഡിയോ കോളിലൂടെ കാണിച്ച് തടവുകാരൻ | NIA

മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടില്ല
Viyyur jail abuse, NIA court orders Manoj to be produced in person tomorrow
Published on

തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന സംഭവത്തിൽ എൻ.ഐ.എ. കോടതിയുടെ ശക്തമായ ഇടപെടൽ. മർദനമേറ്റ പി.എം. മനോജിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് എൻ.ഐ.എ. കോടതി നിർദേശിച്ചു. മറ്റൊരു പ്രതിയായ അസറുദ്ദീന് വിദഗ്ധ ചികിത്സ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.(Viyyur jail abuse, NIA court orders Manoj to be produced in person tomorrow)

മനോജിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിക്ക് മുൻപിൽ തൻ്റെ ശരീരത്തിലെ പരിക്കുകൾ മനോജ് നേരിട്ട് കാണിച്ചു കൊടുത്തു. ഇതേ തുടർന്നാണ് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്. സംഭവത്തിൽ കോടതി നൽകിയ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കാത്തതും വിമർശനത്തിന് കാരണമായി.

മനോജിന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ജയിലിലേക്ക് മാറ്റിയെന്ന റിപ്പോർട്ട് മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റി ജയിലിലെത്തി മനോജിനെ കണ്ട് റിപ്പോർട്ട് നൽകണമെന്ന ഉത്തരവും നടപ്പാക്കിയില്ല. മനോജിനെ ആശുപത്രിയിൽ നിന്ന് മാറ്റിയതിനാൽ കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വാദം.

അതേസമയം, തടവുകാരെ മർദിച്ച ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോർട്ടാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചത്. ജയിൽ ഉദ്യോഗസ്ഥരെ പ്രതികളാണ് മർദിച്ചതെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്. സെല്ലിൽ തിരികെ കയറാൻ പ്രതികൾ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥർ ചെറുതായി ബലപ്രയോഗം നടത്തി. ഇതോടെ ജയിൽ വാർഡൻ അഭിനവിനെ പ്രതി ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനെയും പ്രതികൾ മർദിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.

ഈ സംഭവത്തിൽ പ്രതികൾക്കെതിരെ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ സെല്ലിൽ നിന്നും ഗാർഡ് റൂമിൽ കൊണ്ടുപോയത് സമീപത്തെ സെല്ലിൽ സുരക്ഷിതമായി പാർപ്പിക്കാനാണെന്നും റിപ്പോർട്ട് വാദിക്കുന്നു. കഴിഞ്ഞ 13-നാണ് ജയിൽ അന്തേവാസികൾക്ക് മർദനമേറ്റത്. സെല്ലിൽ കയറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

ജയിൽ വാർഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിൽ 15-ൽ അധികം ഉദ്യോഗസ്ഥർ സംഘം ചേർന്ന് ഗാർഡ് റൂമിൽ വെച്ച് മർദിച്ചെന്നാണ് പ്രതികളുടെ പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com