Viyan murder case, Mother found guilty by the court

കടൽ ഭിത്തിയിൽ കുഞ്ഞിനെ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; കാമുകനെ കോടതി വെറുതെ വിട്ടു, ശിക്ഷാവിധി 21ന് | Viyan murder case

അന്വേഷണ സംഘത്തിന് വിമർശനം
Published on

കണ്ണൂർ: തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ശിക്ഷാവിധി 21ന് പറയും. എന്നാൽ, കൊലപാതകത്തിൽ ശരണ്യയുടെ സുഹൃത്ത് നിധിന് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെടാത്തതിനാലാണ് രണ്ടാം പ്രതിയായ നിധിനെ കോടതി വെറുതെ വിട്ടത്.(Viyan murder case, Mother found guilty by the court)

ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം ശാസ്ത്രീയമായ നിർണ്ണായക തെളിവായി കോടതി സ്വീകരിച്ചു. ഇത് ശരണ്യ കുഞ്ഞുമായി കടൽതീരത്ത് പോയിരുന്നുവെന്ന് ഉറപ്പിച്ചു. ശരണ്യയുമായി നിധിന് ബന്ധമുണ്ടായിരുന്നു എന്നത് ശരിയാണെങ്കിലും, കുഞ്ഞിനെ കൊല്ലാൻ നിധിൻ നിർബന്ധിച്ചു എന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയപരമാകാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. 2020 ഫെബ്രുവരി 17-നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ തടസ്സമാകുമെന്ന് കരുതിയാണ് ശരണ്യ സ്വന്തം കുഞ്ഞിനെ പുലർച്ചെ കടൽതീരത്തെ പാറക്കൂട്ടത്തിലേക്ക് എറിഞ്ഞത്. കുഞ്ഞിനെ കാണാതായപ്പോൾ ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ ശ്രമിച്ചിരുന്നു. 47 സാക്ഷികളെ വിസ്തരിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Times Kerala
timeskerala.com