

വിതുര: 2024 പടിയിറങ്ങുന്ന അവസാന ദിനമായ ഇന്നലെയും പൊന്മുടിയിലേക്കു ആയിരങ്ങൾ മലകയറി എത്തി(Visitor's Flow in Ponmudi). ഡിസംബർ 25 മുതൽ തുടങ്ങിയ സന്ദർശന പ്രവാഹം ഇന്നലെയും തുടർന്നു. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ വൈകുന്നേരങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തേണ്ട സാഹചര്യവുമുണ്ടായി.
മഞ്ഞും ചാറ്റൽ മഴയും ഇട കലർന്ന സുഖ ശീതളമായ അന്തരീക്ഷമാണ് പൊന്മുടിയിലേത്. ഡിസംബർ മാസത്തിൽ അതുകൊണ്ടു തന്നെ സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകാറുമുണ്ട്. എന്നാൽ ഇത്തവണ ഡിസംബറിൽ ഏറിയ സമയവും വെയിൽ അനുഭവപ്പെട്ടു. എന്നാൽ കാറ്റ് വീശുന്നതു മൂലം വലിയ തോതിൽ ചൂട് അനുഭവപ്പെടാത്തത് സഞ്ചാരികൾക്ക് തുണയായി. പ്രവേശന ഫീസ് ഇനത്തിലും വാഹന പാർക്കിങ് ഇനത്തിലും ലക്ഷങ്ങളാണ് ഇത്തവണ വനം വകുപ്പിന് വരുമാനമായി ലഭിച്ചത്. പൊന്മുടി റൂട്ടിലെ മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌വാംതോൾ വെള്ളച്ചാട്ടങ്ങൾ, പേപ്പാറ ഡാം എന്നിവിടങ്ങളിലും തിരക്കേറി.